
ആനക്കലഹം
വിശുദ്ധ കഅബ പൊളിക്കാൻ വേണ്ടി വന്ന ഒരു ആന പട്ടാളത്തെ, അബാബീൽ പക്ഷികളെ ഉപയോഗിച്ച്, അല്ലാഹു നശിപ്പിച്ച് കളഞ്ഞ ചരിത്ര സംഭവമാണ് ആനക്കലഹം എന്നറിയപ്പെടുന്നത്. ഖുർആനിലെ സൂറത്തുല്‍ ഫീല്‍ എന്ന അദ്ധ്യായത്തിൽ ഈ സംഭവത്തെ കുറിച്ചാണ് വിവരിക്കുന്നത്.
അബ്‌സീനിയായിലെ ചക്രവർത്തിയായ നജ്ജാശിയുടെ കീഴിൽ യമൻ ഭരിച്ചിരുന്ന രാജാവായിരുന്നു അബ്രഹത്ത്. ചക്രവർത്തിയുടെ പ്രീതിക്കായി അബ്റഹത്ത് ഒരു വമ്പിച്ച ദേവാലയം പണി കഴിപ്പിച്ചു. മക്കയിലേക്കുള്ള ജനങ്ങളുടെ ഹജ്ജ് തീർത്ഥാടനം നിർത്തലാക്കി താൻ പണി കഴിപ്പിച്ച ദേവാലയത്തിലേക്ക് ആളുകളെ എത്തിക്കുകയാണ് അബ്രഹത്തിന്റെ ലക്ഷ്യം.
അറബികൾക്കിടയിൽ ഇത് വലിയ പ്രതിഷേധത്തിന് കാരണമായി. അങ്ങിനെ ഒരു അറബി ഈ പുതുതായി പണി കഴിപ്പിച്ച ദേവാലയത്തിൽ വന്ന് മലവിസര്‍ജ്ജനം നടത്തി.
ഇതറിഞ്ഞ അബ്രഹത്ത് കോപാകുലനായി, തന്റെ ലക്ഷ്യം നടപ്പിലാക്കാനായി കഅബ പൊളിക്കുവാൻ വേണ്ടി ഒരു വലിയ സൈന്യവുമായി മക്കയിലേക്ക് പുറപ്പെട്ടു. ഈ സൈന്യത്തിൽ ആനകളും ഉണ്ടായിരുന്നു. വഴി മദ്ധ്യേ ചില അറബി ഗോത്രങ്ങൾ ഇവരെ തടയാൻ ശ്രമിച്ചുവെങ്കിലും അവരെയെല്ലാം പരാജയപ്പെടുത്തികൊണ്ട് അബ്രഹത്ത് മുന്നേറി.
മക്കയുടെ അടുത്ത ഒരു സ്ഥലത്ത് തമ്പടിച്ച അബ്റഹത്ത് ഖുറൈശികളുടെ അടുത്തേക്ക് ഒരു സന്ദേശം അയച്ചു. തന്റെ ലക്ഷ്യം കഅബ പൊളിക്കൽ മാത്രമാണെന്നും അതിന് തടസ്സം ഉണ്ടാകാതിരുന്നാൽ ഒരു യുദ്ധം ഒഴിവാക്കാം എന്നും. ഇതിനിടയിൽ അബ്രഹത്തിന്റെ സൈന്യം നിരവധി കൊള്ളകളും നടത്തിയിരുന്നു അതിൽ ഖുറൈശികളുടെ നേതാവും മുഹമ്മദ് നബി ((صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ പിതാമഹനുമായ അബ്ദുൽ മുത്തലിബിന്റെ 200 ഒട്ടകങ്ങളും ഉണ്ടായിരുന്നു.
സന്ധി സംഭാഷണത്തിനായി എത്തിയ അബ്ദുൽ മുത്തലിബിനോട് അബ്രഹത്ത് എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചപ്പോൾ, അദ്ദേഹം തന്റെ ഒട്ടകങ്ങളെ വിട്ടു തരുവാൻ വേണ്ടി ആവശ്യപ്പെട്ടു. ഇത് കേട്ട അബ്രഹത്ത് പരിഹാസത്തോടെ പറഞ്ഞു “നിങ്ങളുടെ വിശുദ്ധ ഭവനം തകർക്കുന്നതിനെ കുറിച്ച് ഒന്നും പറയാതെ ഒട്ടകങ്ങളെ കുറിച്ച് മാത്രം സംസാരിക്കുന്ന താങ്കളോട്, എനിക്ക് താങ്കളെ കണ്ടപ്പോൾ ഉണ്ടായ മതിപ്പ് നഷ്ടമായിരിക്കുന്നു”. അപ്പോൾ അബ്ദുൽ മുത്തലിബ് മറുപടി പറഞ്ഞു “ഒട്ടകങ്ങളുടെ ഉടമസ്ഥൻ ഞാനാണ്, കഅബയുടെ ഉടമസ്ഥൻ അതിനെ സംരക്ഷിച്ച് കൊള്ളും”.
തിരിച്ചെത്തിയ അബ്ദുൽ മുത്തലിബ് ഖുറൈശികളോട് അടുത്തുള്ള മലമുകളിൽ അഭയം പ്രാപിക്കാൻ പറഞ്ഞു. അങ്ങിനെ അബ്രഹത്ത് തന്റെ ആനപ്പടയുമായി കഅബ ലക്ഷ്യമാക്കി മുന്നോട്ട് നീങ്ങി. എന്നാൽ കഅബയുടെ നേർക്ക് തിരിക്കുമ്പോൾ ആനകൾ ഒരടി മുന്നോട്ട് വെക്കാതെ നിൽപ്പായി. മറ്റേത് ദിശയിലേക്കും ആനകൾ നീങ്ങുന്നുണ്ടായിരുന്നു.
അപ്പോൾ അല്ലാഹു ഒരു കൂട്ടം അബാബീൽ എന്ന പക്ഷികളെ ഈ സൈന്യത്തിന്റെ നേർക്കയച്ചു ആ പക്ഷികൾ സിജ്ജീൽ എന്ന ഒരു പ്രത്യേക തരം കല്ലുകൾ അബ്രഹത്തിന്റെ സൈന്യത്തിന് മേൽ വർഷിച്ചു. അള്ളാഹു സൂറത്തുൽ ഫീലിൽ പറയുന്നത്, ഈ തീക്കല്ലുകൾ വർഷിച്ചതിന് ശേഷം ആ സൈന്യം തിന്നപ്പെട്ട വൈക്കോൽ തുരുമ്പു പോലെ ആക്കപ്പെട്ടു എന്നാണ്(വി.ഖു 105 :5).
രേഖകൾ പ്രകാരം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ജനന വർഷമായ ക്രിസ്താബ്ദം 571 ഇൽ ആണ് ആനക്കലഹം നടന്നത്. അതിനു ശേഷം അറബികൾ ആനക്കലഹം മുതൽ കാലം നിർണയിക്കാൻ ആരംഭിച്ചു. പിന്നീട് മദീന ഹിജ്‌റ മുതൽ വര്ഷം കണക്കാക്കുന്നത് ഇസ്ലാമിൽ അംഗീകരിക്കപ്പെടുന്നത് വരെ ഈ പതിവ് തുടർന്നു."