
ഗുഹാ നിവാസികൾ - അസ്ഹാബുല്‍ കഹ്ഫ്
ഖുർആനിലെ സൂറത്തുൽ കഹ്ഫിൽ പ്രതിപാദിച്ചിട്ടുള്ള ഗുഹാവാസികളുടെ ചരിത്രം അത്ഭുതകരമാണ്. നീണ്ട 300 വർഷങ്ങളോളം ഉറക്കത്തിൽ ഇരുന്ന യുവാക്കളുടെ ചരിത്രമാണ് ഇത്. മരണാനന്തര ജീവിതത്തിനുള്ള ഒരു ഉത്തമ ദൃഷ്ടാന്തമാണ് സൂറത്തുൽ കഹ്ഫിലെ 9 മുതൽ 26 വരെയുള്ള വചനങ്ങളിൽ പ്രതിപാദിച്ചിട്ടുള്ള ഗുഹാ വാസികളുടെ ചരിത്രം
വിഗ്രഹാരാധനയും മറ്റനേകം ശിർക്കുകളും കൊടി കുത്തി വാണിരുന്ന ദഖ്യാനൂസ്’ (Decius – دقيانوس) രാജാവിന്റെ കാലത്ത് ജീവിച്ചിരുന്ന കുറച്ചു യുവാക്കൾ ഇതിൽ നിന്നെല്ലാം മാറി യഥാർത്ഥ സത്യ വിശ്വാസികളായി അല്ലാഹുവിനെ മാത്രം ആരാധിച്ച് ജീവിച്ചിരുന്നു. രാജാവിന്റെ എന്റെ ശക്തമായ ഭീഷണികൾക്ക് മുന്നിൽ വഴങ്ങാതെ അവർ ദൃഡവിശ്വാസികളായി നിലകൊണ്ടു .
ബഹു ദൈവാരാധകരായ ആ ജനതയോട് അവർ വിളിച്ച് പറഞ്ഞു: ഞങ്ങളുടെ റബ്ബ് ആകാശ ഭൂമികളുടെ റബ്ബാകുന്നു; അവനു പുറമെ യാതൊരു ആരാധ്യനെയും ഞങ്ങള്‍ വിളി(ച്ചു പ്രാര്‍ത്ഥി)ക്കുന്നതേയല്ല; അങ്ങിനെയായാല്‍ തീര്‍ച്ചയായും ഞങ്ങള്‍ അക്രമം പറയുകയായിത്തീരും..(അൽകഹ്ഫ് - 14 )
ഇവരെ കുറിച്ച് അറിഞ്ഞ രാജാവ് അവരെ വിളിച്ച് വരുത്തുകയും അന്ത്യ ശാസനം നൽകുകയും ചെയ്തു. ദുർ മാർഗികളായ സ്വജനങ്ങളുടെയും ക്രൂരനായ രാജാവിന്റെ യും ഒപ്പമുള്ള ജീവിതം അവർക്ക് തീർത്തും ദുസ്സഹമായി തീർന്നു.
അങ്ങിനെ അവർ ഒരു ഗുഹയിൽ അഭയം പ്രാപിച്ചു. ഗുഹയിലേക്കുള്ള യാത്രയിൽ ഒരു നായയും അവർക്കൊപ്പം കൂടി. അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസം മുറുകെ പിടിച്ച് അവർ പ്രാർത്ഥനയുമായി ഗുഹയിൽ കഴിഞ്ഞു. എങ്കിലും രാജാവ് തങ്ങളെ കണ്ടെത്തുമോ എന്ന ഭയം അവരിൽ ഉണ്ടായിരുന്നു. അങ്ങിനെയിരിക്കെ അള്ളാഹു അവർക്ക് ദീർഘമായ ഒരു ഉറക്കം നൽകി. പക്ഷെ അവരെ കണ്ടെത്തിയ രാജാവ് ഗുഹാമുഖം കൊട്ടിയടച്ചു. എന്നാൽ രാജാവിന്റെ പരിവാരങ്ങളിൽ ഉണ്ടായിരുന്ന സത്യവിശ്വാസം മറച്ച് വെച്ചിരുന്ന രണ്ട് പേർ ഈ യുവാക്കളുടെ പേരും ചരിത്രവും കല്പലകകളിൽ രേഖപ്പെടുത്തി ഒരു ചെമ്പു പെട്ടിയിൽ അവിടെ സൂക്ഷിച്ച് വെച്ചിരുന്നു.
ഏകദേശം 300 വർഷങ്ങളോളം അവർ ഉറങ്ങി എന്നാണ് ഖുർആനിലുള്ള സൂചനകളിൽ നിന്നും നമുക്ക് മനസ്സിലാകുന്നത്. ഉറക്കത്തിൽ ആണെങ്കിലും പുറമെ നിന്ന് കാണുന്നവർക്ക് അവർ ഉറക്കമാണെന്ന് മനസ്സിലാകാത്ത രൂപത്തിൽ ആയിരുന്നു അള്ളാഹു അവരെ ഉറക്കി കിടത്തിയിരുന്നത്. സൂചനകൾ പ്രകാരം അവർ കണ്ണുകൾ തുറന്നും ഇരു വശത്തേക്കും തിരിഞ്ഞും മറിഞ്ഞുമെല്ലാം ആണ് ഉറങ്ങിയിരുന്നത്. അത് മാത്രമല്ല അവരുടെ കൂടെയുണ്ടായിരുന്ന നായ ഗുഹാമുഖത്ത് ഇരു കാലുകളും നീട്ടി ഇരിക്കുന്ന രൂപത്തിലും ആയിരുന്നു. ഇത് കാണുന്ന ആളുകൾ ഭയപ്പെട്ടു പിന്മാറിപോകുമായിരുന്നു. ഇത് അള്ളാഹു അവർക്ക് നൽകിയിരുന്ന ഒരു സംരക്ഷണം ആയിരുന്നു.
വർഷങ്ങൾക്ക് ശേഷം ഒരു ആട്ടിടയൻ തന്റെ ആടുകൾക്ക് താവളം ഉണ്ടാക്കുന്നതിനായി ഈ ഗുഹാമുഖം തുറന്നു.
അങ്ങിനെ ഏകദേശം 300 വർഷങ്ങൾക്ക് ശേഷം അവർ ഉറക്കത്തിൽ നിന്ന് ഉണർന്നു. അവർ പരസ്പരം ചോദിച്ചു നമ്മൾ എത്ര സമയം ഉറങ്ങി കാണും? കുറച്ചധികം ഉറങ്ങി എന്ന് തോനുന്നു ചിലപ്പോൾ ഒരു ദിവസം മുഴുവൻ അല്ലെങ്കിൽ പകുതി ദിവസം. തങ്ങൾ വർഷങ്ങളോളം ഉറങ്ങിയ ഒരു സൂചനയും അവർക്ക് ഇല്ലായിരുന്നു. ഏതാനും മണിക്കൂറുകളോ അല്ലെങ്കിൽ ഒരു ദിവസം മുഴുവനും ഉറങ്ങി എന്നായിരുന്നു അവരുടെ ധാരണ.
എന്തായാലും ഭക്ഷണം എന്തെങ്കിലും പുറത്തു പോയി വാങ്ങാൻ അവർ തീരുമാനിച്ചു. അതിനായി കൂട്ടത്തിൽ ഒരാളെ അവർ പറഞ്ഞയച്ചു. രാജാവിന്റെയോ മറ്റു ശത്രുക്കളുടെയോ കണ്ണിൽ പെടാതെ ശ്രദ്ധിച്ചു പോകാൻ പ്രത്യേകം നിർദ്ദേശം നൽകിയാണ് അവർ ഇദ്ദേഹത്തെ ഭക്ഷണ സാദനങ്ങൾ വാങ്ങാൻ പറഞ്ഞയച്ചത്. തങ്ങൾ ഇപ്പോഴും ദഖ്യാനൂസിന്റെ കാലത്താണ് ജീവിക്കുന്നത് എന്ന ധാരണയായിരുന്നു അവർക്ക്.
അങ്ങാടിയിൽ പോയ ആൾക്ക് അവിടെ വന്ന മാറ്റങ്ങൾ കണ്ട് അത്ഭുതമായി, എന്തായാലും ഭക്ഷണ സാധനങ്ങൾ വാങ്ങി അദ്ദേഹം കയ്യിലുള്ള നാണയങ്ങൾ നൽകി. ഇത് കണ്ട കച്ചവടക്കാരൻ ആശ്ചര്യപ്പെട്ടു. ഇത് പണ്ടത്തെ ദഖ്യാനൂസിന്റെ കാലത്തുണ്ടായിരുന്ന നാണയങ്ങൾ അല്ലെ, ഇതെങ്ങിനെ നിങ്ങൾക്ക് കിട്ടി? കച്ചവടക്കാരൻ ചോദിച്ചു. യുവാവ് തങ്ങളുടെ അനുഭവങ്ങൾ കച്ചവടക്കാരനോട് വിവരിച്ചു. കച്ചവടക്കാരൻ ഇവരെ ന്യായാധിപന്റെ അടുത്തെത്തിച്ചു. യുവാവ് തന്റെ കഥകൾ ന്യായാധിപനോടും ആവർത്തിച്ചു. ഞങ്ങൾ ഏതാനും ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ് ഗുഹയിൽ ചെന്നത് എന്ന് യുവാവ് ന്യായാധിപനോട് പറഞ്ഞു, തന്റെ കൂട്ടുകാരെ കാണിച്ച് തരാം എന്നും പറഞ്ഞു.ഗുഹാമുഖത്ത് എത്തി പരിശോധിച്ച ന്യായാധിപൻ കല്പലകകൾ കണ്ടെത്തുകയും സത്യം മനസ്സിലാക്കുകയും ചെയ്തു. അവർ വിവരങ്ങൾ അന്നത്തെ രാജാവായ ബൈദറൂസിനെ വിവരങ്ങൾ അറിയിച്ചു.
സത്യവിശ്വാസിയും അല്ലാഹുവിനോട് നിരന്തരം തന്റെ പ്രജകളെ സത്യവിശ്വാസത്തിലേക്ക് നയിക്കാൻ ദൃഷ്ടാന്തങ്ങൾക്ക് വേണ്ടി തേടുകയും ചെയ്തു കൊണ്ടിരുന്ന ബൈദറൂസ് രാജാവ് വിവരം കേട്ട ഉടനെ ഗുഹാമുഖത്തേക്ക് തന്റെ പരിവാരങ്ങൾ സഹിതം എത്തി. കാര്യങ്ങൾ നേരിട്ട് കണ്ട രാജാവ് അതീവ സന്തോഷത്തോടെ അല്ലാഹുവിന് സുജൂദ് ചെയ്‌തു. പിന്നീട് യുവാക്കൾ തങ്ങളുടെ ഗുഹയിലേക്ക് മടങ്ങുകയും അവിടെ വെച്ച് സ്ഥായിയായ ഉറക്കത്തിലേക്ക്(മരണത്തിലേക്ക്) മടങ്ങുകയും ചെയ്തു."